വ്യക്തിത്വവികാസം - മന്ത്രോച്ചാരണത്തിലൂടെ
മനുഷ്യന്റെ വ്യക്തിത്വ വികസനത്തിന് പ്രഥമവും പ്രധാനവുമായ ഘടകം
1. അറിവ് (Knowledge) - ഈ അറിവ് മാതാപിതാക്കളില്‍ നിന്നും, ഗുരുക്കന്മാരില്‍ നിന്നും നേടുന്നു.
2.ഗ്രഹണ ശക്തി (Understanding) - അറിവിലൂടെ നേടുന്നത് ഗ്രഹിയ്ക്കാന്‍ കഴിയുന്നത് പലരിലും പല തലത്തിലാണ്. ഈ ഗ്രഹണ ശക്തിയെ ഇംഗ്ലീഷില്‍ IQ (Intelligence Quotient) എന്നറിയപ്പെടുന്നു.
3. ആത്മ വിശ്വാസം - മുകളില്‍ പറഞ്ഞ രണ്ടു ഗുണങ്ങള്‍ ഉണ്ടെങ്കിലും ആത്മ വിശ്വാസമില്ലെങ്കില്‍ പലപ്പോഴും സ്വയം പൂറകോട്ട് വലിയും. സ്വയം വിലയിരുത്താനും പരസ്പരം മനസ്സിലാക്കാനുമുളള കഴിവ്.
മുകളില്‍ പറഞ്ഞ മൂന്നു ഗുണങ്ങള്‍ ഉണ്ടങ്കിലും സ്വയം വിലയിരുത്താനും മറ്റുളളവരെ വിലമതിയ്ക്കാനും കഴിവില്ലാത്തവന്‍ ദയനീയമായി പരാജയപ്പെടും.
4. സംഘടനാശക്തി - കൂട്ട് കൂടുകയും, ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യേണ്ടത് വ്യക്തിയുടെ വളര്ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
5. അര്പ്പണ മനോഭാവം - മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളുണ്ടങ്കിലും, അര്പ്പണ മനോഭാവമില്ലെങ്കില്‍ , സഹ ജീവികള്യ്ക്ക് വേണ്ടിയും രാഷ്ട്രത്തിനു വേണ്ടിയും എന്തെങ്കിലും ചെയ്യാന്‍ അയാള്‍ അശക്തനാകും.
ചുരുക്കത്തില്‍ , knowledge,understanding,self
confidence,selfrespect,co-opration,dedication എല്ലാം പരസ്പര പൂരകങ്ങളാണ്.
ഋഷി പ്രോക്തമായ മന്ത്രത്തിലുടെ, ഈ സിദ്ധികള്‍ വ്യക്തിയ്ക്ക് എങ്ങനെ നേടാന്‍ കഴിയുമെന്ന് മനസ്സിലാക്കേണ്ടത് കലിയുഗത്തില്‍ അത്യന്താപേക്ഷിതമാണ്. വ്യക്തികള്‍ സ്വന്തം കര്‍മ്മ സൃഷ്ടിയ്ക്കും, ദേവ പ്രീതിയ്ക്കും വേണ്ടി ക്ഷേത്രങ്ങളില്‍ സാധാരണ ചെയ്യാറുളള ഒരു പ്രാധാന അര്ച്ചനയാണ് ഭാഗ്യസൂക്തം. ഈ അര്‍ച്ചനയിലുടെ വ്യക്തിയ്ക്ക് ലഭിയ്ക്കുന്ന ഭാഗ്യം വെറുമൊരു promotion നോ ധന സമ്പാദനത്തിനുളള വഴികാട്ടിയോ മാത്രമല്ല. ഓരോ വ്യക്തിയേയും ഉത്തമ പൗരന്മാരായി, രാഷ്ട്രത്തിന് ഗുണകരമായ രീതിയില്‍ അവരെ വാര്‍ത്തെടുക്കാന്‍ പോലും കഴിയുന്ന മന്ത്രമാണന്ന് പലര്ക്കും അജ്ഞാതമാണ്.
സഹനശക്തരായ, ഉല്ക്കര്ക്ഷേച്ഛക്കളായ വ്യക്തികളെ എങ്ങനെയാണ് ഈ മന്ത്രത്തിലൂടെ വാര്ത്തെടുക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുന്‍പായി, അതില്‍ പ്രയോഗിച്ചിരിയ്ക്കുന്ന പദങ്ങള്‍ എന്തിനെന്നും എങ്ങനെയെന്നും മനസ്സിലാക്കേണ്ടത് ഉചിതം തന്നെ.
ഓരോ പ്രഭാതത്തിലും, ഉണരുന്ന മനുഷ്യനെ സ്വന്തം കര്മ്മകാണ്ഡത്തിലേയ്ക്ക് നയിയ്ക്കുന്ന വഴികാട്ടിയാണ് അഗ്നി. കേവലം ദീപ നാളത്തിനപ്പുറം അഗ്നിയ്ക്ക് പര ധര്മ്മങ്ങളുണ്ട്. ഇവ മനുഷ്യനുമായി എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്ന് ചിന്തിയ്ക്കാം.
'അഗ്നിം ഭൂതം പ്രണീമഹേ! ' എന്നാണ് വേദങ്ങളില്‍ പറയുന്നത്. അഗ്ര + ണി - അഗ്നി - മുന്നോട്ടു നയിയ്ക്കാന്‍ കഴിവുളളത് അഗ്നി. ഈ അഗ്നിയുടെ രൂപം പല വിധത്തില്‍ മനുഷ്യനില്‍ പ്രകടമാകുന്നു.
1.ജംരാഗ്നി - ഈ അഗ്നി മനുഷ്യനില്‍ വിശപ്പ് എന്ന രുപത്തില്‍ പ്രകടമാകുന്നു.
2. കാമാഗ്നി - സ്വന്തം പ്രക്രിയയിലൂടെ അടുത്ത തലമുറയെ സൃഷ്ടിയ്ക്കുന്നു.
3 ശരണാഗ്നി - ഭയം മനുഷ്യനിലുണ്ടാകുമ്പോള്‍ ഒരഭയസ്ഥാനം തേടാനുളള കഴിവ്.
4. നിദ്രാഗ്നി - പ്രാരാബ്ധങ്ങളുടെ ഭാണ്ഡമിറക്കി, വിശ്രമിയ്ക്കാനുളള കഴിവ്.
അഗ്നിയുടെ ഈ നാലു വിധ രൂപത്തിലൂടെ മനുഷ്യന് ലഭിയ്ക്കുന്നത്, ആഹാരം, മൈഥുനം, ഭയം, നിദ്ര. ഋഷികള്‍ എത്ര മനോഹരമായി വ്യക്തിയുടെ നിഷ്ഠകളെ സമജ്ജസിപ്പിച്ചിരിയ്ക്കുന്നു.
5. ദീക്ഷാഗ്നി - കേവല മനുഷ്യര്യ്ക്ക് അപ്രാപ്യമായ ഒരു നിഷ്ഠയാണ് സന്യാസം. ആവലാതികളുടെ ഭാണ്ഡകെട്ടിറക്കി വെയ്ക്കാന്‍ പോലും സമയം കിട്ടാതെ വലയുന്ന മനുഷ്യര്യ്ക്ക് ' സന്യാസം ' എന്നും എപ്പോഴും കിട്ടാക്കനിയാണ്. ദീക്ഷാഗ്നി സ്വീകരിച്ചവന്‍ തനിയ്ക്കുവേണ്ടി ഒന്നും നേടുന്നില്ല, മറിച്ചു ലോക നന്മയ്ക്ക് ഏറെ നല്കുന്നു.
മേല്പറഞ്ഞ അഗ്നിയുടെ രൂപങ്ങള്‍, മനുഷ്യന്‍ കാണാതേ തന്നെ അനുഭവിച്ചറിയുന്നു. നമുക്ക് പ്രത്യക്ഷമായ അഗ്നി - സ്ഥൂലാഗ്നിയാണ്. ഇനിയും ചില പദങ്ങള്‍ കൂടി പരിചയപ്പെട്ടാലെ മന്ത്രം എന്തിനുവേണ്ടി എന്നു ഹൃദിസ്തമാകു.
1. മിത്രന്‍ - ഇദ്ദേഹം നമ്മുടെ വഴികാട്ടിയാണ് 'മിത്ര' ശബ്ദം പോലും മിത്രനില്‍ നിന്നുണ്ടായതാണ്.
2. വരുണന്‍ - ദോഷങ്ങളെക്കുറിച്ചുളള തിരിച്ചറിവ് നല്കുന്ന ഉത്തമനായ സാരഥി.
3. അശ്വനീദേവകള്‍ - നമുക്ക് മുന്പുളള തലമുറയേയും പിന്പുളള തലമുറയേയും നമ്മളിലേയ്ക്ക് ഇണക്കി ചേര്യ്ക്കുന്ന പൊന്നൂല്. ഭൂതവും ഭാവിയുമില്ലെങ്കില്‍ വര്‍ത്തമാനത്തിന് എന്തു പ്രസക്തി ? നമുക്ക് മുന്‍പുളള തലമുറയില്‍ നി്ന്നു നാം പഠിച്ച വിനയം എന്ന ഗുണം വാത്സല്യരൂപത്തില്‍ നമ്മളുടെ ഇളം തലമുറയിലേയ്ക്ക് പകരാനുളള കഴിവു 'അശ്വനീദേവകള്‍ ' നമുക്ക് നല്കുന്നു.
4. ഭഗം അഥവാ ഭഗശക്തി - ദിനം പ്രതി മനുഷ്യന്‍ ചെയ്തു കൂട്ടുന്ന എല്ലാ പാപ കര്മ്മങ്ങളും ക്ഷമയോടെ, ഒരു മാതാവിനേപ്പോലെ ക്ഷമിയ്ക്കുകയും സഹിക്കുകയും ചെയ്യുന്നവളാണ് ഭൂമിദേവി. സര്‍വ്വംസഹയായ ഈ അമ്മയെപ്പോലെ അന്യരുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമയോടെ സഹിയ്ക്കാനുളള ശക്തി 'ഭഗം' നമുക്ക് പ്രദാനം ചെയ്യുന്നു.
5. പൂഷാവ് - പഴയ തലമുറ ആജ്ഞകളെ അനുസരിയ്ക്കുകയല്ലാതെ ചോദ്യം ചെയ്യാറില്ലായിരുന്നു. ഇന്നു ആജ്ഞകളെ അനുസരിയ്ക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. അനുസരണം കീഴടങ്ങലായി കാണുന്ന പുതിയ തലമുറയെ നേരായ വഴിയ്ക്ക് നയിയ്ക്കാന്‍ 'പൂഷാവിന്' കഴിയട്ടെ. തലച്ചോറിന്റെ commands എപ്രകാരം മറ്റു ശരീരാവയവങ്ങള്‍ അനുസരിയ്ക്കുന്നുവോ അപ്രകാരം നമ്മുടെ മുതിര്ന്ന തലമുറയെ അംഗീകരിയ്ക്കാനും ഉള്ക്കൊളളാനും ഓരോ വ്യക്തിയ്ക്കും കഴിയണം. വാര്‍ദ്ധക്യത്തില്‍ അഭയം നല്‍കേണ്ടവരെ, തിരസ്ക്കരിയ്ക്കരുത്. ഗാന്ധിജിയെപ്പോലെ ഭഗശക്തിയുടെ പ്രതീകമായ വ്യക്തിയെ പൂഷാവിനെപ്പോലെ അന്നത്തെ കാലഘട്ടം അനുസരിച്ചത് കൊണ്ടല്ലെ നമുക്ക് സ്വാതന്ത്ര്യമെന്ന പ്രാണവായു ശ്വസിയ്ക്കാന്‍ കഴിയുന്നത്. അങ്ങനെ അനുസരണത്തില്‍ നിന്നും അനുസരണക്കേടിന്റെ പടിയിലേയ്ക്ക് നമ്മളെത്തപ്പെട്ടു. തീര്ച്ചയായും ഇതിലൊരുമാറ്റം നമ്മള്പോലും അറിയാതെ നമ്മളാഗ്രഹിയ്ക്കുന്നുണ്ട്. ഭരിയ്ക്കാന്‍ കഴിവില്ലാത്ത ഭരണാധികാരികളെ തിരിച്ചുവിളിയ്ക്കാനുളള അവകാശത്തിനു വേണ്ടി നാം നിയമത്തിന്റെ മാറ്റം ആവശ്യപ്പെടുന്നു. ആജ്ഞ അനുസരിയ്ക്കാന്‍ കഴിയാത്ത ഒരു സമൂഹത്തെ നേര്‍ വഴിയ്ക്ക് നയിയ്ക്കാന്‍ ആര്‍ക്ക് കഴിയും.? ചോദ്യം ചെയ്യാനല്ലാതെ ഉത്തരം കണ്ടെത്താന്‍ വളരെ ചുരുക്കം വ്യക്തികളെ സമയം പാഴാക്കാറുളളു. എങ്ങനെ നടത്തണമെന്നും ഏതു വിധത്തില്‍ നടത്തണമെന്നും തീര്‍പ്പുകല്പിയ്ക്കാനുളള കഴിവ് നമുക്ക് നഷ്ടമായി. ക്ഷേത്രങ്ങളിലും പളളികളിലും ഇരിയ്ക്കുന്ന പരം പൊരുളായ ദൈവത്തേയല്ലേ നമ്മള്‍ മുട്ടി വിളിയ്ക്കുന്നത്.
6. സോമം - മനുഷ്യന്റെ കര്മ്മകാണ്ഡത്തിന്റെ പ്രധാന പ്രക്രിയയാണ് നിര്‍മ്മാണം. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബഹുനിലകെട്ടിടങ്ങള്‍ സൃഷ്ടിയ്ക്കുമ്പോള്‍ വരെ മനുഷ്യനില്‍ ഉണര്‍ന്നിരിക്കുന്നത് ഈ സോമദേവതയാണ്.
7. രുദ്രം - ശുദ്ധീകരണ പ്രക്രിയയിലൂടെ മനുഷ്യനില്‍ രുദ്രദേവത ഉണരുന്നു.
ചുരുക്കത്തില്‍ , സോമരുദ്രന്മാര്‍ മനുഷ്യനിലെ, നിര്‍മ്മാണ ശുദ്ധീകരണ പ്രക്രിയകള്ക്ക് മാര്ഗ്ഗം നല്കുന്നു. ഇനി ഈ മന്ത്രത്തിലൂടെ ഇവയെല്ലാം എങ്ങനെ കൂട്ടി യോജിപ്പിച്ചിരിക്കുന്നെന്ന് മനസ്സിലാക്കാന്‍ ശ്രമിയ്ക്കാം.
പ്രഭാതത്തില്‍ സ്ഥൂലാഗ്നിയുടെ വെളിച്ചത്തില്‍ ഉണരുന്ന മനുഷ്യനെ, മിത്രവരുണന്മാര്‍ ഗുണ ദോഷങ്ങളുടെ വേര്തിരിവോടെ വഴികാട്ടുന്നു. മുന്പുളള തലമുറയേയും ഇളം തലമുറയേയും വിനയവും, വാത്സല്യവുമാകുന്ന ചരടില്‍ ഇണക്കി ചേര്‍ക്കാന്‍ അശ്വനീദേവകള്‍ സഹായിയ്ക്കുന്നു. സര്‍വ്വംസഹയായ ഭൂമീദേവിയെപ്പോലെ, അന്യരുടെ തെറ്റുകുറ്റങ്ങളെ ക്ഷമിയ്ക്കാനും സഹിയ്ക്കുവാനുമുളള കഴിവ് ഭഗദേവത പ്രദാനം ചെയ്യുന്നു. അനുസരണത്തിന്റെ മാര്ഗ്ഗം നല്ല രീതിയില്‍ പൂഷാവു നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. സോമരൂദ്രന്മാര്‍ നിര്‍മ്മാണ ശുദ്ധീകരണ പ്രക്രീയയ്ക്ക് വേണ്ട ഊര്ജ്ജം നല്കുന്നു.ഇത്രയും ശരിയായ രീതിയില്‍ നേടുന്ന മനുഷ്യന്‍ 'ബ്രഹ്മണ സ്പദം' ഈശ്വരനെ അടുത്തറിയുന്നു. ദൈവത്തിന്റെ വാത്സല്യത്തിന് പാത്രമാകുന്ന ഈ മനുഷ്യന്‍, സൂര്യ, ചന്ദ്ര, വായു, ജലം എന്നീ ദേവതകളെപ്പോലെ, സ്വീകരിയ്ക്കുന്നതിനേക്കാള്‍ , നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു. ഇത്രയുമായാല്‍ ഇവയെല്ലാം ശരിയായ രീതിയില്‍ നടത്താനുളള ധനവും, ശേഷിയും നമുക്കുണ്ടാകും. ഇതുതന്നെയാണ് ഭാഗ്യസൂക്ത മന്ത്രത്തിലൂടെ ഉദ്ദേശിയ്ക്കുത്.
നമ്മള്‍ മനസ്സിലാക്കിയിരിയ്ക്കുന്ന personality development നേക്കാള്‍ എത്രയേറേ ഉദാത്തമായ വീക്ഷണമാണ് ഋഷി പ്രോക്തമായ ഈ മന്ത്രത്തിനുളളത്. ഓരോ വ്യക്തിയും, അര്ച്ചനയിലൂടെയോ, സ്വയം ഉച്ചാരണത്തിലൂടെയോ ഈ മന്ത്ര ജപം ഒരു ശീലമാക്കുന്നത് ഉന്നതിയ്ക്ക് തീര്ച്ചയായും വഴികാട്ടിയാകും. അങ്ങനെ ഓരോ വ്യക്തിയും ഇന്ദ്ര തൂല്യരായ ദധിക്രാവായി തീരട്ടെ.
No comments:
Post a Comment